കോഴിക്കോട്: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിദിന സ്ലോട്ടുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഗതാഗത കമ്മിഷണര്‍ക്ക് അനുമതി നല്കി. അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 40ല്‍ നിന്ന് 50 ആയി ഇക്കഴിഞ്ഞ ജൂലൈയില്‍ ഗതാഗത കമ്മിഷണര്‍ ഉയര്‍ത്തിയിരുന്നു.
മൂന്നുമാസത്തേക്കായിരുന്നു താത്കാലികമായ ഈ നടപടി. അപേക്ഷകരുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ സ്ലോട്ടുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് അനുമതി. പുതിയ ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകര്‍ക്ക് 30 ദിവസത്തിനകവും റീ ടെസ്റ്റ് അപേക്ഷകര്‍ക്ക് എട്ടു ദിവസത്തിനകവും സ്ലോട്ടുകള്‍ ലഭ്യമാക്കാനുദേശിച്ചാണ് സ്ലോട്ടുകളുടെ എണ്ണം ജൂലൈയില്‍ വര്‍ധിച്ചത്.
അപേക്ഷകരുടെ എണ്ണം കുറയുന്നതുവരെ ആവശ്യമെങ്കില്‍ സ്ലോട്ടുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കാനാണു മോട്ടോര്‍ വാഹന വകുപ്പ് ഉദ്ദേശിക്കുന്നത്. ജൂലൈ മുതല്‍ ആഴ്ചയില്‍ അഞ്ചു പ്രവൃത്തിദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്.
ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകളും ആഴ്ചയില്‍ അഞ്ചു പ്രവൃത്തിദിവസങ്ങളില്‍ നടത്തുന്നുണ്ട്. ലേണേഴ്സ് ടെസ്റ്റിനായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ അധിഷ്ഠിത ഓഥന്റിക്കേഷന് സംവിധാനം നടപ്പാക്കാനും മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.